പേജുകള്‍‌

2008, ഡിസം 21

ഒരു പുല്ലുവഴിക്കാരന്റെ ഓര്‍മ്മകള്‍

ഒരു പുല്ലുവഴിക്കാരന്റെ ഓര്‍മ്മകള്‍

ഒരു ചോദ്യം ????

അതെ അതില്‍ നിന്നു മാത്രമാണ് ഇതിന്റെ തുടക്കം ........

"അല്ലാ നിങ്ങള്‍എങ്ങനാ പാര്‍ട്ടിക്കാരന്‍ ആയത് "? ഒരു സഹപ്രവര്‍ത്തകന്റെ നിഷ്കളങ്കമായ ചോദ്യമാണ് എന്റെ അന്വോഷണങ്ങള്‍ക്ക് തുടക്കം . നീണ്ട പതിനാറു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാണു ഇങ്ങനെ ഒരു ചോദ്യം എന്റെ നേരെ ഉയര്‍ന്ന്‍ വന്നത് . എന്തുകൊണ്ട് എന്റെ നേരെ ഇങ്ങിനെ ഒരു ചോദ്യം ഉയര്‍ന്നു എന്നതിനും എനിക്ക് ഉത്തരമില്ല .

പ്രസ്ഥാനത്തോടുള്ള സ്നേഹവും അടുപ്പവും മനസ്സില്‍ മാത്രം കൊണ്ടു നടക്കുന്ന സഹയാത്രികനായ എനിക്ക് പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വയം സൃഷ്ടിച്ച മതില്‍ കെട്ടിനുള്ളില്‍ അടച്ചിട്ടിരുന്ന മനസ്സിനെ അസ്വസ്ഥപെടുത്തുന്നതായിരുന്നു ആ ചോദ്യം .

വെറുമൊരു പുല്ലുവഴിക്കാരനായി മാത്രം കഴിഞ്ഞിരുന്ന എന്റെ മനസ്സിനെ മഥിച്ച ആ ചോദ്യം എന്നെ എത്തിച്ചത് ഒരു വായനശാലയുടെ ചുറ്റ്‌ വട്ടങ്ങളിലേക്കും പിറന്ന മണ്ണിന്റെ സുഗന്ധത്തിലേക്കും ആണ് .

ബാല്യത്തിന്റെ യൌവ്വനത്തിന്റെ തീഷ്ണമായ ഓര്‍മ്മകളിലേക്ക് , കുടുംബത്തിലെ തലമുതിര്‍ന്നവര്‍ ,നാട്ടുകാര്‍ ,കൂട്ടുകാര്‍ അവര്‍ പറഞ്ഞ കഥകള്‍ ,തെളിയാതെ നില്ക്കുന്ന അവിടവിടെ കീറിപ്പറഞ്ഞ ഓര്‍മ്മകള്‍ .......ഞാനതെല്ലാം വായിച്ചെടുക്കുവാന്‍ ശ്രമിക്കുകയാണ് …..

അതെ എന്നെ ഞാനാക്കിയ എന്റെ ഗ്രാമം .......
ഹരിത ഭംഗി തിങ്ങി നിറഞ്ഞ ഗ്രാമം ……
വയലേലകള്‍ പച്ച പുതച്ചും സ്വര്‍ണ വര്‍ണത്തിലും
തിളങ്ങിയിരുന്ന ഗ്രാമം ………..
മണി കിലുക്കി റാന്തല്‍ വിളക്കുമായി കാളവണ്ടികള്‍
സഞ്ചരിച്ചിരുന്ന ഗ്രാമം ……..
പൂക്കളുടെ സുഗന്ധമുള്ള ഇളം കാറ്റ് കുളിര് വാരി
വിതറിയിരുന്ന ഗ്രാമം ………
വശങ്ങളില്‍ കയ്തക്കാടുകള്‍ തിങ്ങി നിറഞ്ഞ, ചെറു മീനുകള്‍ ചാടിക്കളിച്ചു , വേനലില്‍ ശാന്തമായും ,വര്‍ഷത്തില്‍ രൌദ്രമായും
ഒഴുകിയിരുന്ന തോടുമുള്ള ഗ്രാമം …….
അമ്പലത്തിലെ കീര്‍ത്തനങ്ങള്‍ കൊണ്ടും പള്ളിമണിയുടെ മുഴക്കങ്ങള്‍ കൊണ്ടും വിശുദ്ധമായ ഇടവഴികളുള്ള ഗ്രാമം ……..
ഗ്രാമത്തിന്റെ നന്മയുടെ പ്രതീകമായ നാട്ടുകാര്‍ .....
പുല്ലുവഴി എന്ന ചെറിയ വലിയ ഗ്രാമം ......


ഒരുപാടു മാറി പുല്ലുവഴിക്കാര്‍ ..... പുല്ലുവഴിയും മാറി .....

മാറ്റമില്ലാതെ സനാതന സാന്നിധ്യമായി ,സാക്ഷിയായി ,താങ്ങായി, തണലായി നില്ക്കും എന്ന് പുല്ലുവഴിക്കാര്‍ വിശ്വസിച്ച പുല്ലുവഴിയുടെ ചരിത്രത്തിനു സാക്ഷിയായ , നിറ സാന്നിധ്യമായ അരയാലും കാലത്തിന്റെ കുത്തൊഴിക്കില്‍ വികസന മന്ത്രങ്ങളുടെ പേരില്‍ കൊടാലിക്കിരയായി....


അരയാലിന്റെ ഇലകള്‍ പോലെ കലപില കൂട്ടുന്ന ഓര്‍മ്മകള്‍ ..... ഓര്‍മ്മകളുടെ ചെപ്പ് എവിടെ നിന്നു തുറക്കും ? പതുക്കെ പതുക്കെ ഓര്‍മ്മകളുടെ പച്ചപ്പിലൂടെ ആ അരയാല്‍ ചുവട്ടിലേക്ക്‌ മടങ്ങുകയാണ് ....


അതിബുദ്ധിയുടെ ഭ്രാന്തന്‍ ജല്പനങ്ങളുമായി അരയാലിന്‍ ചുവട്ടില്‍ അതാ ബീഡി പുകയില്‍ ലയിച്ച് താടിയും തടവി തന്നോടുതന്നെ തര്‍ക്കിച്ചു നില്ക്കുന്ന M.P നാരായണ പിള്ള എന്ന സൂത്രക്കാരനായ എഴുത്തുകാരന്റെ , പുല്ലുവഴിക്കാരുടെ നാണപ്പന്റെ അനുജന്‍, ഞങ്ങളുടെ അനിയന്‍ ചേട്ടന്‍. പഠിച്ച് പഠിച്ച് ചിത്തഭ്രമമായി സൂക്ഷിക്കണം എന്ന് മുതിര്‍ന്നവര്‍ പറഞ്ഞിട്ടും ആരെയും ഉപദ്രവിക്കാതെ തന്നോടു തന്നെ തര്‍ക്കിച്ച്‌ ബീഡി പുകയില്‍ ജീവിതം തീര്‍ത്ത അനിയന്‍ ചേട്ടനോട് ഭയത്തിന്റെ മൂടുപടമുള്ള സ്നേഹത്തില്‍ കുളിച്ച ആദരവായിരുന്നു. ഞങ്ങള്‍ക്ക് അറിയാത്ത ഒട്ടനവധി ഭാഷകള്‍ സംസാരിച്ച്‌ ഞങ്ങളെ അത്ഭുതപെടുത്തുകയും കാവിലെ കളമെഴുത്തും പാട്ടിനുമിടയില്‍ ഞങ്ങളെ തര്‍ക്ക ശാസ്ത്രത്തിന്റെ അതിരുകളില്‍ കുരുക്കിയതും തെളിയുന്നു. താളം തെറ്റിയ മനസ്സിനുള്ളില്‍ സ്നേഹത്തിന്റെ കണികകള്‍ ഒളിപ്പിച്ചു വച്ച ആ ചിത്തഭ്രമക്കാരനും ആലിനോടൊപ്പം കലയവനികയിലേക്ക് മറഞ്ഞു പോയത് പ്രവാസത്തിനിടയിലെ ഒരു ഫോണ്‍ കോളില്‍ ഒതുങ്ങി .

M.P നാരായണപിള്ള എന്ന മഹാനായ എഴുത്തുകാരന്‍ അതിലെ വരുന്നു, നാണപ്പന്‍ വന്നിട്ടുണ്ട് സൂക്ഷിക്കണം ഇല്ലെങ്കില്‍ അവന്‍ നിന്നെപറ്റി കഥ എഴുതും എന്നതാ ചിരിച്ചു കൊണ്ടു ആരോ പറയുന്നു .വരികള്‍ക്കിടയില്‍ മനുഷ്യനെ തളച്ചിട്ട പ്രതിഭാശാലി, നഗര ജീവിതത്തിന്റെ തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയിലും കിറുക്ക് അഭിനയിച്ചു മൗനവ്രതവുമായി തപസ്സിരുന്ന പുല്ലുവഴിക്കാരന്‍. പുല്ലുവഴിയെയും പുല്ലുവഴിക്കാരനെയും അവന്റെ ജീവിതത്തെയും പല വിധത്തില്‍ അവതരിപ്പിച്ച ആ വലിയ എഴുത്തുകാരനെക്കുറിച്ചുള്ള കേട്ടറിവുകള്‍ ധാരാളം....

സാംസ്‌കാരിക സദസ്സുകളില്‍ നിറഞ്ഞുനിന്ന ഞങ്ങളുടെ കാലടി ഗോപി സാര്‍ ,ഞാന്‍ പുല്ലുവഴിക്കാരനാണ് എന്ന് സധ്യര്യം വിളിച്ചു പറഞ്ഞു കേരളത്തിന്റെ നാടക സദസ്സുകളില്‍ ചലനമുണ്ടാക്കിയ നാടക കര്‍ത്താവ് . സാംസ്‌കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി കലയെ പേനയെ ആയുധമാക്കിയ ഒരു തലമുറയുടെ പരിഛേദം. നാരായണപിള്ളയുടെ സഹോദരി ഭര്‍ത്താവ് എന്ന വിലാസത്തിനപ്പുറം പുല്ലുവഴിക്കാരനായി പുല്ലുവഴിയുടെ സാംസ്കാരികതയിലേക്ക് അലിഞ്ഞു ചേര്‍ന്ന പ്രതിഭാശാലി .

പ്രഭാതത്തിന്റെ തെളിമയില്‍ മുറികയ്യന്‍ ബനിയനുമിട്ട് മുണ്ട് മടക്കികുത്തി കൈവീശി മുഖത്ത് നിറ ചിരിയോടെ വീടിനു മുന്‍പിലുള്ള വഴിയിലൂടെ നടക്കുന്ന ഒരാള്‍ ..... വൈകുന്നേരങ്ങളില്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു ഉയരുന്ന ചിരികള്‍ ബഹളങ്ങള്‍ - ചീട്ടു കളിയുടെ നേരം പോക്കിന്റെ ശബ്ദഘോഷങ്ങള്‍ ..... ആ ബഹളങ്ങള്‍ നിലച്ചിരിക്കുന്നു , കാലത്തിന്റെ കണക്കു പുസ്തകത്തില്‍ അത് മാഞ്ഞു പോയിരിക്കുന്നു. സാധാരണ ജനങ്ങളുടെ വാഹനമായ ട്രാന്‍സ് പോര്‍ട്ട്‌ ബസ്സില്‍ പുല്ലുവഴി കവലയിലിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന ആ വലിയ മനുഷ്യന്‍ ..... P.K.V എന്ന P.K വാസുദേവന്‍‌ നായര്‍ എന്ന മുന്‍ മുഖ്യമന്ത്രി . എളിമയുടെയും വിശുദ്ധിയുടെയും പ്രതീകമായ കര്‍മ്മം കൊണ്ടു പുല്ലുവഴിക്കാരനായ വലിയ മനുഷ്യന്‍......

നാട്ടുകാരെല്ലാം ഇടപ്പിള്ളി ആശാന്‍ എന്ന് വിളിക്കുന്ന ഇടപ്പിള്ളി ശിവന്‍ എന്ന ശിവശങ്കരപ്പിള്ള, ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ മുഖ്യ പ്രതി . എല്ലാവരോടും അധികാരത്തോടെ സ്നേഹത്തോടെ ഇടപെടുകയും നാടിന്റെ ചിന്തകളില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത വലിയ മനുഷ്യന്‍ . പുല്ലുവഴിയിലും പരിസര പ്രദേശത്തും കമ്മ്യുണിസം കെട്ടിപടുക്കുവാന്‍ ജീവന്‍ പണയം വെച്ചു പ്രവര്‍ത്തിച്ചവരില്‍ പ്രധാനി .

ഗ്രന്ഥ ശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളം മുഴുവന്‍ നിറഞ്ഞു നിന്ന P.K ഗോപാലന്‍ നായര്‍ , വൈക്കം വിശ്വന്റെ ഭാര്യാ പിതാവ് . ഉയര്‍ന്ന ചിന്തകളുമായി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ആദ്യ കാല കമ്മ്യുണിസ്റ്റ് നേതാവ് . പുല്ലുവഴിയിലും പരിസര പ്രദേശത്തുമുള്ള പലരുടെയും രാഷ്ട്രീയ ഗുരു . ഇടതു പക്ഷ ചിന്തകള്‍ക്ക് തേരോട്ടമുണ്ടാക്കിയവരില്‍ പ്രധാനി , നേതാവ് .

മാര്‍ക്സിസ്റ്റ് തത്വ ചിന്ത കൊണ്ടു മലയാളത്തെ സ്വാധീനിച്ച P.G എന്ന P. ഗോവിന്ദപിള്ള , പരന്ന വായനയും തെളിഞ്ഞ ചിന്തകളുമായി ഇടതു പക്ഷ പ്രസ്ഥാനത്തെ പുരോഗമന പാതയിലേക്ക് നയിച്ച ചിന്തകന്‍ , എഴുത്തുകാരന്‍ , പുല്ലുവഴിയില്‍ കമ്മ്യുണിസം നട്ടു വളര്‍ത്തിയ അമരക്കാരന്‍.

രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അനുജന്മാര്‍ ..... ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അണിയറ ശില്പിയും പ്രവാസത്തിലൂടെ ലോക പ്രശസ്ത പത്ര പ്രവര്‍ത്തകനായ M.P ഗോപാലന്‍ , ബനാറസ്‌ ഹിന്ദു യുനിവേഴ്സിററിയില്‍ കമ്മ്യുണിസ്റ്റ് സെല്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ച K.P ഗംഗാധരന്‍ നായര്‍ - പുല്ലുവഴിയിലെ പലരെയും വിപ്ലവ പ്രസ്ഥാനത്തിലേക്ക് നയിച്ചയാള്‍, ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ മറ്റൊരു പ്രതി . ആസൂത്രണ ബോര്‍ഡ് അംഗവും കാര്‍ഷിക സര്‍വകലാശാല വ്വൈസ് ചാന്‍സലറുമായിരുന്ന Dr. ശ്യാമസുന്ദരന്‍ നായര്‍ . പേരുകള്‍ തീരുന്നില്ല .... ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ശക്തരായ വക്താക്കള്‍ ....


നിസ്വാര്‍ധമായ സാമൂഹിക സേവനം നാട്ടുകാര്‍ക്കു പഠിപ്പിച്ചു കൊടുത്ത കല്യാണികുട്ടി എന്ന ഡോക്ടര്‍ K.C കല്യാണി . റഷ്യയില്‍ നിന്നു മെഡിക്കല്‍ ബിരുദവുമായി സാധാരണ ജനങ്ങളുടെ സേവനത്തിനായി പ്രതിഭലമില്ലാതെ ജീവിതം അര്‍പിച്ച ഡോക്ടര്‍ , M. ഗോവിന്ദന്‍ എന്ന പ്രശസ്ത ചിന്തകന്റെ മകള്‍ .
CITU വിന്റെ അഖിലേന്ത്യാ സമ്മേളനം ഏറണാകുളത്ത് നടന്നപ്പോള്‍ സഖാവ്. ജ്യോതി ബസുവിന്റെ പേര്‍സണല്‍ അറ്റെന്‍ഢെന്റ്, ദ്വിഭാഷി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ എന്ന് അഭിമാനപൂര്‍വ്വം പറയുകയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനും നേതാവുമായിരുന്ന പ്രോഫെസര്‍ C.P ജനാര്‍ദനന്‍ നായര്‍ .

ആല്‍മരച്ചുവട്ടില്‍ നിന്നുള്ള ഓര്‍മ്മകളുടെ യാത്രകള്‍ അറിയാതെ വായനശാലയുടെ തട്ടകങ്ങളിലേക്ക് മറയുന്നു . ഗ്രന്ഥ ശാല പ്രസ്ഥാനത്തിനും പുല്ലുവഴിയുടെ സാംസ്‌കാരിക വളര്‍ച്ചക്കും വേണ്ടി വായന ശാല സ്ഥാപിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പഴയ തലമുറ ..... കലയുടെ സാംസ്കാരികതയുടെ ഇടതുപക്ഷ ഭാവങ്ങള്‍ വായനശാലയുടെ അതിരുകളില്‍ തളച്ചിടാതെ ഞങ്ങളിലേക്ക് തെളിച്ചു തന്നവര്‍ ......
P.R എന്ന രണ്ടക്ഷരം കൊണ്ടു പുല്ലുവഴിയുടെ പ്രശസ്തി വളര്‍ത്തിയ P.R ശിവന്‍ . MLA ആയിരുന്നിട്ടും കാല്‍ നട യാത്രകളെ സ്നേഹിച്ച , പുല്ലുവഴിക്കാരന്‍ എന്ന് ഞങ്ങളെ ഗര്‍വോടെ പറയാന്‍ പഠിപ്പിച്ച വിപ്ലവകാരി . നാടകങ്ങള്‍ എഴുതി പുല്ലുവഴിക്കാരനെ അഭിനയിപ്പിച്ചു ഒരു സംസ്ക്കാരമാക്കിയ , സാധാരണക്കാരുടെ കൂടെ സൊറകള്‍ പറഞ്ഞു നടന്ന വലിയ നേതാവ്. നാടക ആസ്വാദനത്തിന് വേണ്ടി PARC എന്ന കലാ കേന്ദ്രം സ്ഥാപിച്ചു നാടകങ്ങളെ പുല്ലുവഴിയിലേക്ക് ആവാഹിച്ച ധിഷനാശാലി .... നര്‍മ്മത്തില്‍ ഊറുന്ന സംഭാഷണ രീതി കൊണ്ടു നിയമസഭയില്‍ നിറഞ്ഞു നിന്ന സാമാജികന്‍ .

നാടക ലോകത്തിന്റെ സര്‍വ്വ സാന്നിധ്യം കൊണ്ടു നിറഞ്ഞ വായനശാല മുറ്റം …. വായനശാല ചുമരുകള്‍ എന്നോട് സംവദിക്കുവാന്‍ ശ്രമിക്കുന്നു….. വോളി ബാളിന്റെ രൌദ്ര സുന്ദരമായ സ്മാഷുകള്‍ , വന്യമായ കരുത്തിന്റെ വടം വലികള്‍ , അട്ടഹാസങ്ങളുടെ ചീട്ടു കളികള്‍ , രാഷ്ട്രീയ ചര്‍ച്ച കൊണ്ടു സമ്പന്നമായ മതില്‍ കെട്ട് ... സുഗന്ധമുള്ള ഓര്‍മ്മകളുടെ പൂക്കാലം...

ഇതിന്റെ ഇടയിലെതോ അക്ഷരത്തെറ്റ് പോലെ ഇടതു പക്ഷ പ്രസ്ഥാനത്തിലൂടെ വന്നു ഇടതു പക്ഷ വിരുദ്ധരുടെ കൂടെ ആരോഗ്യ മന്ത്രി ആയ KGR കര്‍ത്താ ...
T.R.S എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന നമ്പൂതിരി സാര്‍….. വാധ്യാര്‍ എന്ന K.K രാമന്‍…. എഴുത്താണിയും പനയോലകളുമായി വായനശാലമുററത്തെ നിറ സാന്നിധ്യമായ ഗോവിന്ദന്‍ ആശാന്‍ …. ഞങ്ങളെ - പുതു തലമുറയെ ഒരുമിച്ചു കൊണ്ടു നടന്നു കമ്മ്യുണിസത്തിന്റെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന സീക്രു എന്ന C. കൃഷ്ണന്‍ ….. പകുതി വെട്ടിയ തലകള്‍ ഉപേക്ഷിച്ചു വായനശാലയുടെ ചീട്ടു കളി ബഹളങ്ങളിലേക്ക് ഓടിയിറങ്ങുന്ന ബാര്‍ബര്‍ രാജന്‍ …. സഖാവ് M.K എന്ന് അറിയപെടുന്നതില്‍ ആത്മ സംതൃപ്തി അടയുന്ന അഭിമാനം കൊള്ളുന്ന മുണ്ടപ്പള്ളി ചോതി …. പാര്‍ട്ടിയുടെ കണ്ണായ സഖാക്കളെ ഒളിവില്‍ താമസിപ്പിച്ച ചോള്ളന്‍ അയ്യപ്പന്‍ …. G. ഗോവിന്ദ പിള്ള ….. കര്‍ഷക സംഘം സെക്രെട്ടറി ആയിരുന്ന വിക്രമന്‍ പിള്ള ….. അടിയന്തിരാവസ്ഥ കാലത്ത് പുല്ലുവഴിയില്‍ സജീവമായി നിന്നിരുന്ന K.P പട നായര്‍ , കാര്യമറ്റത്ത് മാധവന്‍ കുഞ്ഞി , K.S നാരായണന്‍ കര്‍ത്താ , N. C. മാരാര്‍ , V.K ഗോപാലന്‍ , G. ശിവന്‍ , മുകുന്ദന്‍ കര്‍ത്താ , നങ്ങേലി ഗോപാലന്‍ വൈദ്യര്‍….. പുല്ലുവഴിയിലെ മിച്ച ഭുമി സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയ , ഒളിത്താവളങ്ങളിലെ രാത്രി കാവല്‍ക്കാരന്‍ കളതനപടവില്‍ കുഞ്ഞ് ….. പൊട്ടക്കല്‍ പൗലോസ്‌ മാപ്പിള ….. നാടകങ്ങളിലെ ആദ്യവസാ നക്കാരനായ മത്തായി ചേട്ടന്‍ ............. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നാട്ടുകാര്‍ , ബന്ധുക്കള്‍ . ജീവന്‍ പണയം വെച്ചു T.K രാമകൃഷ്ണന്‍ , K.N രവിന്ദ്രനാഥ്‌ , N.K മാധവന്‍ , P. കൃഷ്ണപിള്ള , E. ബാലാനന്ദന്‍ , K.C മാത്യു എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേതാക്കളെ കണ്ണിലെ കൃഷ്ണ മണി പോലെ സൂക്ഷിച്ച പഴമക്കാര്‍ , ബന്ധുക്കള്‍ , നാട്ടുകാര്‍ , അവര്‍ ആവേശത്തോടെ പറയുന്ന കഥകള്‍ .......

ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ചെറുതും വലുതുമായ പല നഗരങ്ങളിലും ചേക്കേറി ജീവിതം പച്ച പിടിപ്പിക്കുവാനുള്ള പ്രവാസ ജീവിതത്തിനിടയിലും നാടിന്റെ ഇടതു പക്ഷ സുഗന്ധം ചെന്നെത്തിയ സ്ഥലങ്ങളിലൊക്കെ പ്രചരിപ്പിച്ച കുടുംബക്കാര്‍ ..... പുല്ലുവഴി കമ്മ്യുണിസം പേരു കേട്ട നാളുകള്‍ ........

ഇവിടെ പരാമര്‍ശിക്കാത്ത , ഓര്‍മയില്‍ തെളിയാത്ത എത്രയോ പേര്‍ ......
ഓര്‍മ ചെപ്പിന്റെ പച്ചപ്പില്‍ തെളിയാത്ത സുഹൃത്തുക്കള്‍ , നാട്ടുകാര്‍ , ബന്ധുക്കള്‍ ക്ഷമിക്കുക ..... മനപൂര്‍വമല്ല , നീണ്ട പ്രവാസ ജീവിതം എന്റെ നാടിന്റെ സുഗന്ധമുള്ള ഓര്‍മ്മകളെയും ബാധിച്ചിരിക്കുന്നു .

വേരുകള്‍ ചികയുമ്പോള്‍ പുതു വേരുകള്‍ തടയുന്നു ... പുല്ലുവഴിയുടെ പിന്നിട്ട വഴികള്‍ , സമരങ്ങള്‍ , സഹിഷ്ണുതകള്‍ .... നവ തലമുറയ്ക്ക് അന്യമായ സഹനതകള്‍ ....രേഖ പെടുത്താത്ത ചരിത്ര സത്യങ്ങള്‍ ....
സ്വാതന്ത്ര്യ അനന്തരമുള്ള ഒരു തലമുറയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയോ , നാടിന്റെയോ , കാലത്തിന്റെയോ ഭൂതകാലം പറയുവാന്‍ അറിവുകളുടെ പരിമിതി എന്നെ തടയുന്നു . ഞാന്‍ അശക്തന്‍ ആണ് പുല്ലുവഴിയുടെ ചരിത്രം പറയുവാന്‍ ......

ജന്മം കൊണ്ടും കര്‍മം കൊണ്ടും പുല്ലുവഴിക്കാരായവര്‍ ..... നാടിന്റെ ഇടതു പക്ഷ ചിന്തകളെ തങ്ങളുടെ ചിന്തകളുടെ രേതസ്സുകൊണ്ട് ഊര്‍ജ്വ സ്വലമാക്കിയവര്‍ , അതിനെ ഉഴുതു മറിച്ച് സുഗന്ധം പരത്തിയവര്‍..... അതി പ്രശസ്തരും , പ്രശസ്തരും , പ്രശസ്തിയില്‍ തല്പര്യമില്ലാത്തവരും , ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റി നടന്നവരുമായ സാധാരണക്കാര്‍ , രാഷ്ട്രീയ കലാ സാമൂഹിക രംഗത്ത് മികവു പുലര്‍ത്തിയവര്‍ ......... അവര്‍ പരത്തിയ സുഗന്ധത്തിലേക്ക് ഞാനും അറിയാതെ അലിഞ്ഞു ചേരുക ആയിരുന്നു .
ഓ , പുല്ലുവഴിക്കാരനാണോ .... അവന്‍ കമ്യുണിസ്റ്റാ ......
മനസ്സിനെ മഥിച്ച ചോദ്യത്തിനുള്ള ഉത്തരം ????

പുല്ലുവഴി പ്രദേശത്ത് എന്ത് കൊണ്ടു കമ്മ്യുണിസം പച്ച പിടിച്ചു ? സഹോദര മനഭാവവും , സമഭാവനയും സമൂഹത്തില്‍ വളര്‍ന്നാല്‍ കമ്മ്യുണിസത്തിനു എളുപ്പം വേരോട്ടം കിട്ടും .... രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ഒറ്റയടിപ്പാത അല്ലെന്നും കമ്മ്യുണിസ്റ്റു പ്രസ്ഥാനം ജന ജീവിതത്തിന്റെ നാനാ വശങ്ങളെയും ഉള്‍കൊള്ളുന്നത് ആയിരിക്കണം എന്ന തത്വം നടപ്പില്‍ വരുത്തിയ ഒരു തലമുറയുടെ അര്‍പ്പണത്തിന്റെ ബാക്കി പത്രം ........

ഇടതു പക്ഷ ചിന്താഗതിയില്‍ ഊര്‍ജ്ജം കണ്ടെത്തിയ നാട്ടില്‍ ജനിച്ചത്‌ കൊണ്ടാകാം നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നാടിന്റെ സുഗന്ധത്തിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ ചില ചിന്തകള്‍ മനസ്സിനെ മഥിക്കുന്നത് .

കാലത്തിന്റെ ഒഴുക്കില്‍ അരയാലിനോടോപ്പം ഇടതുപക്ഷ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പുല്ലുവഴിക്ക് നഷ്ടപെട്ടു . കാലത്തിനൊപ്പം നാടിന്റെ ഇടതുപക്ഷ ചിന്തകള്‍ക്കും അപചയം സംഭവിച്ചോ ? ആ ചിന്തകള്‍ അരയാലിനോട് ഒപ്പം നഷ്ടമായോ ?

ഒരുപാടു മാറി പുല്ലുവഴിക്കാര്‍ ..... പുല്ലുവഴിയും മാറി......
പുല്ലുവഴിയുടെ കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകമായിരുന്ന പച്ച പുതച്ച വയലേലകള്‍ തരിശു കിടക്കുന്നു .....
പൊയ് പോയ കയ്തക്കാടുകളുടെ അവശിഷ്ടങ്ങളുമായി വേനലിലും വര്‍ഷത്തിലും ഒരുപോലെ ചെളിയുമായി വരണ്ട തോടും.....
മരമില്ലുകളുടെ ഇരമ്പലും, പ്ലൈവൂഡ് കമ്പനികളുടെ ഒച്ചകളുമായി കടന്നു വരുന്ന ചീഞ്ഞ മരത്തടികളുടെ മണമുള്ള കാറ്റും…….
മണികിലുക്കി റാന്തല്‍ വിളക്കുമായി വരി വരിയായി കടന്നു പോയിരുന്ന കാളവണ്ടികള്‍ ആധുനിക ആഡംബര വാഹനങ്ങള്‍ക്ക് വഴി മാറി ......
ഇടവഴികള്‍ ടാര്‍ നിറഞ്ഞ റോഡുകളായി വാഹനങ്ങളെ കൊണ്ടു വീര്‍പ്പു മുട്ടുന്നു......
മറുനാടന്‍ തൊഴിലാളികള്‍ വീഥികളെ കീഴടക്കുന്നു......

ഓര്‍മ്മയിലുള്ള വിക്രമന്റെ പലചരക്ക് കടയും , തങ്കപ്പന്റെ മുറുക്കാന്‍ - പച്ചക്കറി കടയും ,അതിന്റെ ഉമ്മറത്തുള്ള ബീഡി തെറുപ്പുകാരും പിന്നെ ഗോപാലന്റെ ചായക്കടയും മറ്റു ചെറിയ കടകളും ഷോപ്പിങ്ങ് സെന്റെറുകള്‍ക്കും, ത്രീ സ്റ്റാര്‍ ഹോട്ടെലുകള്‍ക്കും വഴി മാറിയിരിക്കുന്നു......
ഉപഭോക സംസ്കാരത്തിന്റെ സൂചികകള്‍ അവിടവിടെ തെളിയുന്നു........


പാട്ട പിരിവുണ്ടായിരുന്ന മനസ്സുകൊണ്ട് കമ്മ്യുണിസത്തെ സ്വാഗതം ചെയ്ത ഇടത്തരം ജന്മിമാരുണ്ടായിരുന്ന മണ്ണ് , ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തേരോട്ടത്തില്‍ ഉഴുതു മറിഞ്ഞ മണ്ണ് , ആ മണ്ണിന്റെ ഇടതുപക്ഷ ഗന്ധം നഷ്ടമാവുന്നോ ? മറയുന്നുവോ ആ സംസ്കാരവും ചിന്തയും ? വര്‍ത്തമാന കാലത്തിന്റെ മൂല്യ തകര്‍ച്ചയില്‍ പഴം തലമുറ നൊന്തുവോ ? മനസ്സിനെ അലസോര പെടുത്തുന്ന ചോദ്യങ്ങള്‍ വീണ്ടും ഉയരുന്നു ....

ഓ , പുല്ലുവഴിക്കാരനാണോ .... അവന്‍ കമ്യുണിസ്റ്റാ .......

മനസ്സിന്റെ ഇടതു പക്ഷ ആഗ്രഹങ്ങള്‍ അടങ്ങുന്നില്ല , നീണ്ട പ്രവാസം തളര്‍ത്താത്ത ആഗ്രഹങ്ങള്‍ .......

മനേഷ് പുല്ലുവഴി

കടപ്പാട് : P.R സ്മരണിക പുല്ലുവഴി വായനശാല
ചാക്യാരംപുറത്തു കുടുംബ ചരിത്രം

5 അഭിപ്രായങ്ങൾ:

ധവള വെളിച്ചം പറഞ്ഞു...

ഇത്രയൊക്കെ പുല്ലുവഴിക്കുണ്ടോന്നു എനിക്കറിയില്ലായിരുന്നു..അറിയിച്ചതുനു നന്ദി.ഞാനും ഒരു അയല്കാരനാണ്..വ.പടി

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

പുല്ലുവഴിയിലെ ഒരു ബന്ധുവീട്ടിലേക്ക്‌ ഞാന്‍ ഇടക്കിടെ വരാറുണ്ട്‌. നല്ല സ്ഥലമാണ്‍. താങ്കളൂടെ നാട്‌. തങ്കളുടെ രചനപോലെ.
.എന്റെ ബ്ലോഗിലേക്കു സ്വാഗതം.
അവസാനം വന്നപ്പോള്‍ പി.കെ.വി അനുസ്മരണം കണ്ടു.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

വിജ്ഞാനപ്രദമായിരുന്നു.

നവരുചിയന്‍ പറഞ്ഞു...

ഇതു ഇങ്ങനെ എഴുതണം ആയിരുന്നോ ? ഓരോരുത്തരെ ആയി എടുത്തു കുറച്ചു കൂടി വിശദം ആയി ഓരോ പോസ്റ്റ് ആക്കി ഇടു

Unknown പറഞ്ഞു...

cool i do not understand a word of it.

visit me-- http://abhigv.blogspot.com

Get your own free hit counter from NETBB.info!