പേജുകള്‍‌

2009, മാർ 30

മതമില്ലാത്ത ജീവന്‍ !!! ഒരു അനുഭവം ?

പതിവ് പോലെ ജോലി കഴിഞ്ഞ്‌ വന്നു സെറ്റിയില്‍ ചാരി കിടന്നു ശ്രീമതി തന്ന കടുപ്പമുള്ള ചായയും കുടിച്ചു ചാനലുകളിലെ ന്യൂസ് അവതാരകരുടെ വാചക കസര്‍ത്തുകകളും, ചൂട് പിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും മാറി മാറി കണ്ടു കൊണ്ടിരിക്കുന്ന സമയം ......

6 വയസുള്ള മൂത്ത മകന്‍ പതുക്കെ അടുത്തു വന്നിരുന്നപ്പോള്‍ അതീ കുഴപ്പിക്കുന്ന ചോദ്യത്തിനായിരുന്നു എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല ......

"അച്ഛാ...."

പതിവില്ലാത്ത സ്നേഹബഹുമാനത്തോടെ ഉള്ള വിളി കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചു എന്തോ പ്രശനമുണ്ട് ....

അലസനായി ടെലിവിഷനില്‍ നിന്ന് കണ്ണെടുക്കാതെ ഒന്ന് മൂളി ...

"അച്ഛാ...."

വീണ്ടും മകന്റെ വിളി

പകുതി മനസ്സോടെ പറഞ്ഞു "എന്തെ ഇന്ന് കളിയ്ക്കാന്‍ പോയില്ല ? ആ .. പറയു ..."

മകന്‍ പിന്നെയും മടിച്ചു മടിച്ചു ..

"അതെ എനിക്കൊരു സംശയം ചോദിക്കാനുണ്ട് "

ചൂട് പിടിച്ച ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ശല്യപെടുത്തിയതിന്റെ ദേഷ്യത്തോടെ പറഞ്ഞു

"വേഗം ചോദിച്ചിട്ട് ശല്യപെടുത്താതെ അകത്തു പോ , ഞാനീ ന്യൂസ് ഒന്ന് കാണട്ടെ "

പിന്നെയും മകന്‍ മടിച്ചു "അച്ഛാ...."

ദേഷ്യത്തോടെ ഞാന്‍ " വേഗം പറയെടാ"

"ഞാനും മുകളിലുള്ള ആ ....... കുട്ടിയും (പേരുകള്‍ സൂചിപ്പിക്കുന്നില്ല) തമ്മിലെന്താ വ്യത്യാസം ?"

മുകളില്‍ താമസിക്കുന്ന ഹൈദ്രാബാദി കുടുംബത്തിലെ കുട്ടിയെ കുറിച്ചാണ് ചോദ്യം

"എന്ത് വ്യത്യാസം ? അവനും മനുഷ്യനാണ് , നീയും മനുഷ്യനാണ് , നിങ്ങള്‍ രണ്ടു പേരും ഇന്ത്യാക്കാരുമാണ് "

" അല്ല അച്ഛാ, അവന്‍ പറഞ്ഞു നിങ്ങള്‍ ഹിന്ദുക്കളാണ് , ഞങ്ങള്‍ മുസ്ലിമും . അത് കൊണ്ട് നിന്റെ വീട്ടില്‍ ഞാന്‍ വരുന്നില്ല എന്ന് .."

ചെവി അടച്ചു ഒരടി കിട്ടിയത് പോലെ തോന്നി എനിക്ക് ...... ചാനല്‍ ചര്‍ച്ചകള്‍ കണ്ണില്‍ നിന്ന് അപ്രതക്ഷ്യമായി ..... വല്ലാത്ത ഒരു നിശ്ശബ്ദത മുറിക്കുള്ളില്‍ പടര്‍ന്നു ..... അകത്തു നിന്നിരുന്ന ശ്രീമതി മുറിയിലേക്കെത്തി .....

ഞാന്‍ പതുക്കെ മകന്റെ നേരെ തിരിഞ്ഞു ... എന്തോ അവിശ്വസനീയമായത് കണ്ടത് പോലെ അവനെ ഞാന്‍ നോക്കി ... എന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ടാവും പേടിച്ചരണ്ട കണ്ണുകളുമായി അവന്‍ എന്നെ നോക്കുന്നു. അരുതാത്തെതെന്തോ പറഞ്ഞു എന്ന തോന്നല്‍ അവന്റെ മുഖത്തുണ്ട്‌

"അച്ഛാ...." ദയനീയമായി മകന്‍ വിളിക്കുന്നു ...

എന്നില്‍ നിന്നും ഉത്തരമില്ലാതിരുന്നതിലാവും വീണ്ടും ഉപ ചോദ്യങ്ങള്‍ വന്നത് ..

" അവനെന്താ മുസ്ലിമായതു ? അതുപോലെ എന്റെ ......... കൂട്ടുകാരന്‍ പറഞ്ഞു ഞാന്‍ ക്രിസ്ത്യാനി ആണെന്ന് . അതെന്താ അങ്ങിനെ ? എന്താ വ്യത്യാസം ?"

ഇത്രയും ചോദ്യം വന്നപ്പോള്‍ കേള്‍വിക്കാരി ആയിരുന്ന ശ്രീമതി ഇടപെട്ടു

" അത് ഓരോരുത്തരും ജനിച്ചത്‌ അതതു മത വിശ്വാസികള്‍ ആയ അച്ഛനും അമ്മയ്ക്കും ആണ് . അത് കൊണ്ട് അവര്‍ ആ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആയതു. ഈദും, ക്രിസ്തുമസും അവര്‍ ആഘോഷിക്കുന്നത് മോന്‍ കണ്ടിട്ടില്ലേ ? നമ്മള്‍ ഓണവും വിഷുവുമെല്ലാം ...."

മകന്റെ ചോദ്യം പിന്നെയും " ഈദും, ക്രിസ്തുമസും നമ്മളും ഓണം എല്ലാവരും ആഘോഷിക്കുന്നല്ലോ , അത് കൊണ്ട് മാത്രം എങ്ങിനെയാണ്‌ വ്യത്യാസം ? അച്ഛനും അമ്മയും വേറെ മതത്തിലായാല്‍ കുട്ടിയെന്താവും ?"

ശ്രീമതിയുടെ ഉത്തരം മുട്ടി

ഞാന്‍ പതുക്കെ വിഷയത്തില്‍ ഇടപെട്ടു

"മോനെ , എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്കു വേണ്ടി ആണ് "

ഉടനടി മകന്റെ ചോദ്യം വന്നു " അപ്പൊ പിന്നെ എന്തിനാ ഇത്രയും മതങ്ങള്‍ ? ഒന്ന് പോരെ ?"

6 വയസ്സുകാരന്റെ മുമ്പില്‍ ദാര്‍ശനികനാവാന്‍ ശ്രമിക്കാതെ ഞാന്‍ തുടര്‍ന്നു " ഓരോരുത്തരും ജനിക്കുന്ന അച്ഛന്‍ അമ്മയുടെയും , കുടുംബ ബന്ധുക്കളുടെയും വിശ്വാസങ്ങള്‍ പിന്തുടര്‍ന്നു അവരുടേതായ വിശ്വാസങ്ങളില്‍ ജീവിക്കുന്നു. ഏത് മതം ആയാലും ദയയും സ്നേഹവും കാരുണ്യവും കൈ വിടാതെ ജീവിക്കുക എന്നതാണ് പ്രധാനം. അങ്ങനെ ജീവിക്കാന്‍ ശ്രമിക്കുക, മനുഷ്യനെക്കാള്‍ വലുതാണ് മതം എന്ന് ചിന്തിക്കുന്നവരുടെ വാക്കുകള്‍ക്‌ ചെവി കൊടുക്കാതിരിക്കുക."

ഞാന്‍ പറയുന്നത് ശ്രദ്ധിക്കാതെ വീണ്ടും ചോദ്യം ഉയരുകയാണ് " നമ്മളെന്താ അവരുടെ വിശ്വാസത്തില്‍ കഴിയാത്തത് ? അവര്‍ നമ്മുടെയും ? ഞാനും മനുഷ്യനാണ് , അവനും മനുഷ്യനാണ് , അവന്റെയും എന്റെയും ചോര ചുവപ്പ് തന്നെ , പിന്നെ എന്തിനാണീ വ്യത്യാസങ്ങള്‍ ?" നിലക്കാത്ത ചോദ്യ പ്രവാഹങ്ങള്‍ തുടരുകയ്യാണ് ...

പിള്ള മനസ്സില്‍ കള്ളമില്ല , കുഞ്ഞു മനസ്സിലേക്ക് ഈ ചിന്തകള്‍ (നല്ലതോ? ചീത്തയോ?) കടത്തി വിട്ടവരെക്കുറിച്ചു ഞാന്‍ ആലോചിച്ചു .

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതിന്റെ ഉദാഹരണമായി മുകളിലുള്ള കുട്ടിയുടെ കുടുംബത്തെ കണക്കാക്കി കൂടെ ....

മകന്‍ തുടരുകയാണ് " ഞാന്‍ വലുതാവട്ടെ ..............."

അതെ, എനിക്കുത്തരമില്ല , കൂട്ടുകാരെ നിങ്ങളൊന്നു സഹായിക്കുമോ മകന് പറഞ്ഞു കൊടുക്കുവാന്‍ പറ്റിയ ഒരു ഉത്തരത്തിനായി ...........

വര്‍ണശബളിമമായ , സ്നേഹസുരഭിലമായ , ജാതി മത ചിന്തകള്‍ക്ക് അന്യമായ , വര്‍ഗീയതയുടെ വിഷമില്ലാത്ത , മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയും , ആപല്‍ ഘട്ടങ്ങളില്‍്
സഹായിക്കുകയും ദുഖങ്ങളില്‍ പങ്കു ചേരുകയും ചെയ്യുന്ന ഒരു നല്ല ലോകം സ്വപ്നം കാണാനെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നല്‍കുവാന്‍ നമുക്ക് ആകുമോ ????????

മനേഷ് പുല്ലുവഴി

11 അഭിപ്രായങ്ങൾ:

സജി പറഞ്ഞു...

ഹ ഹ ഹ . എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!

arranunjan പറഞ്ഞു...

kollam chettaa ithil onnum cheyanillaa namal matha bharanthamn maravathirikkukaa ennathum mathram oru soln

JAGATH VISION പറഞ്ഞു...

nannyittundu

എറക്കാടൻ / Erakkadan പറഞ്ഞു...

മതമല്ല..മതഭ്രാന്തന്മാരാണ​‍്‌ വിവേചനവും എല്ലാത്തിനും കാരണം

വിജിത... പറഞ്ഞു...

നടക്കാത്ത സ്വപ്നം...

രഘുനാഥന്‍ പറഞ്ഞു...

"മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയും , ആപല്‍ ഘട്ടങ്ങളില്‍്
സഹായിക്കുകയും ദുഖങ്ങളില്‍ പങ്കു ചേരുകയും ചെയ്യുന്ന ഒരു നല്ല ലോകം സ്വപ്നം കാണാനെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നല്‍കുവാന്‍ നമുക്ക് ആകുമോ???"

വളരെ പ്രസക്തമായ ചോദ്യമാണ് മനേഷ്...ഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം. !!

നല്ല എഴുത്ത്..ആശംസകള്‍...(എവിടെയാ ഈ പുല്ലുവഴി എന്ന ഗ്രാമം?)

mini//മിനി പറഞ്ഞു...

മനുഷ്യൻ മനുഷ്യന്റെ നന്മക്ക് വേണ്ടി നിർമ്മിച്ചതാണെങ്കിലും ഒടുവിൽ നാശത്തിലേക്ക് നയിക്കുന്നതായി മാറിയിരിക്കയാണ് മതവും ജാതിയും.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പുല്ലുവഴിക്കാരനായ ഒരാളുടെ ഈ പോസ്റ്റ് കാണാൻ വൈകി.എഴുത്തു തുടരുക.ആശംസകൾ

ഷാ പറഞ്ഞു...

ഒരു കുട്ടിയുടെ മറുപടി ഒരിക്കല്‍ എന്നെയും ഞെട്ടിച്ചു.

Jishad Cronic പറഞ്ഞു...

നടക്കാത്ത സ്വപ്നം!

Akbar പറഞ്ഞു...

നല്ല സ്വപ്‌നങ്ങള്‍ സഫലമാകട്ടെ.
ഇത് നമ്മള്‍ രചിക്കുന്ന കേരളം

Get your own free hit counter from NETBB.info!