പേജുകള്‍‌

2012, സെപ്റ്റം 19

ഹുറൂബ്

ഹുറൂബ്




എന്ത് തണുപ്പാണ് .. ഡിസംബറിലെ തണുപ്പില്‍ കിടന്നുറങ്ങാന്‍ സുഖമാണ് ... പക്ഷെ പറഞ്ഞിട്ട് കാര്യമില്ല രാവിലെ കട തുറന്നിട്ടില്ലെങ്കില്‍ മുതലാളിയുടെ കയ്യില്‍ നിന്നും നല്ല ചീത്ത കേള്‍ക്കും.... രാവിലെ ഉറക്കച്ചടവോടെ കടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ഇന്നലെ രാത്രിയിലെ ആഘോഷങ്ങളെ ശപിക്കുക ആയിരുന്നു. സൗദിയില്‍ ശനിയാഴ്ച പൊതുവേ പ്രവാസികള്‍ക്ക് മടിയുള്ള ദിവസമാണ്, ഒരു ദിവസത്തെ അവധി ലഭിച്ചത് ആഘോഷിച്ചു പിന്നെയും മരപ്പാവകളെ പോലെ യാന്ത്രിക ജീവിതത്തിലേക്കുള്ള മടക്കം.



അല്ല ... ഒരു അവധിയെങ്കിലും ലഭിച്ചതില്‍ സന്തോഷം ... അതുമില്ലാത്ത എത്രയോ സുഹൃത്തുക്കള്‍...... വൈകിയതിന്‍റെ വേവലാതിയോടെ കട തുറക്കാന്‍ വേഗത്തില്‍ നടക്കുമ്പോള്‍ മനസ്സില്‍ നിരവധി കാര്യങ്ങള്‍ .... സത്യം പറഞ്ഞാല്‍ നാട്ടിലെ കാര്യങ്ങള്‍ ആലോചിക്കാന്‍ സമയം കിട്ടുന്നില്ല... മനപൂര്‍വം ആലോചിക്കാത്തത് തന്നെ, ഒരെത്തും പിടിയും കിട്ടാത്ത കാര്യങ്ങള്‍... പ്രവാസിയുടെ സ്ഥിരം പരിവേദനങ്ങള്‍....



പ്രവാസത്തിന്‍റെ പൊടി പിടിച്ച വര്‍ഷങ്ങള്‍ തെളിയിക്കുന്ന പാടുകളുള്ള കടയുടെ ഷട്ടര്‍ വലിച്ചു തുറക്കുമ്പോള്‍ മനസ്സിന്‍റെ പൊടി പിടിച്ച ഷട്ടര്‍ അടക്കുവാനുള്ള ശ്രമത്തിലായിരുന്നു.. കടയുടെതാണോ മനസ്സിന്‍റെ ആണോ ഈ ഞരക്കം ....ഷട്ടര്‍ ഉയരുമ്പോള്‍ സംശയം .. എവിടു നിന്നാണ് ഈ ശബ്ദം ... മനസ്സില്‍ നിന്നാവാം ........



കട തുറന്നു പുറത്തേക്കു നോക്കി കഴിഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി .. കടയുടെ ഒരു വശത്ത് ആരോ ഇരിക്കുന്ന പോലെ ഉറക്കച്ചടവില്‍ തോന്നിയതാവാം... കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി ..അല്ല ആരോ ഇരിക്കുന്നു... കട തുറന്ന ബഹളം കേട്ടപ്പോള്‍ ക്ഷീണിനിതനായ ആ മനുഷ്യന്‍ പതുക്കെ തിരിഞ്ഞു നോക്കി എഴുന്നേറ്റു... കയ്യില്‍ ഒരു കവറില്‍ എന്തൊക്കെയോ പേപ്പറുകളും, മുഷിഞ്ഞ വേഷവും, ഷേവ് ചെയ്യാത്ത മുഖവുമായി ആകെ പരീക്ഷിണിനിതനായി.... മുഖം കാണുമ്പോള്‍ ആകെ ഒരു പന്തികേട് ..



മാര്‍ക്കെറ്റില്‍ കടയില്‍ ഇരിക്കുന്നത് കാരണം സഹായം ചോദിച്ചു വരുന്ന ഒത്തിരി ആളുകളെ കാണാം. വെറുതെ പറ്റിക്കുവാന്‍ മുതല്‍ നിവൃത്തി കേടു കാരണം നടക്കുന്നവര്‍ വരെ... രാവിലെ തന്നെ ആളെ ശല്യപെടുത്തുവാന്‍ വന്നതാവാം, ആ വശത്തേക്ക് നോക്കാതെ തന്നെ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു ...



കട തുറന്നതേ ഉള്ളൂ.. കച്ചവടം നടന്നിട്ടില്ല ... സഹായത്തിനാണെങ്കില്‍ പിന്നീട് വന്നാല്‍ മതി... മുതലാളിയും വരണം ....



ഒഴിവാക്കാന്‍ പറഞ്ഞതാണെങ്കിലും ആ പരീക്ഷണ മുഖം മനസ്സില്‍ എവിടെയോ കൊളുത്തി വലിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.



മറുപടി പറയാതെ അടുത്തേക്ക് വരുന്ന ആ മനുഷ്യനോട് മുഖത്തേക്ക്‌ നോക്കാതെ വീണ്ടും പരുഷമായി പറഞ്ഞു



തന്നോടല്ലേ പറഞ്ഞത് .... വെറുതേ രാവിലെ തന്നെ മിനക്കെടുത്താതെ ........



എന്തുകൊണ്ടോ ആ ദയനീയ മുഖത്തേക്ക് നോക്കാന്‍ ധ്യര്യമില്ലാതെ ദൂരേക്ക്‌ നോക്കിയാണ് പറഞ്ഞത്.



ഒരു കാര്യം സംസാരിക്കാനാണ് ....



ദയനീയമായ ഭാവത്തോടെ എന്നാല്‍ ഗാംഭീര്യമുള്ള ആ ശബ്ദം എവിടെയോ ഒരു തിരിച്ചറിവുണ്ടാക്കി. ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിയാന്‍ മനസ്സിന്‍റെ അഴത്തിലേക്ക് ഓര്‍മകളിലേക്ക് അലഞ്ഞു കൊണ്ട് ആ മുഖത്തേക്ക് നോക്കി.



പ്രവാസത്തിന്‍റെ വര്‍ഷങ്ങള്‍ നീണ്ട ചൂടും തണുപ്പും ആ മുഖത്ത് വaര്‍ധ്യകത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും നരച്ച താടിയിലും മുടിയിലും ആ മുഖത്തിലെ ഉറച്ച നിശ്ചയമുള്ള തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ മാറ്റമില്ല, നിരാശാ ബോധത്തില്‍ നിന്നുള്ള ഒരു നിര്‍വികാരികത മാത്രമാണ് ആ കണ്ണുകളില്‍ ഞാന്‍ കണ്ട വ്യത്യാസം. കണ്ണുകളില്‍ രൂപവും മനസ്സില്‍ ആലോചനയുമായി നില്‍ക്കുമ്പോള്‍...



മറന്നു പോയോ ..... ഞാന്‍ ....



മനസ്സിന്‍റെ വാതിലുകള്‍ പെട്ടെന്ന് തുറന്നു, ഓര്‍മ്മകള്‍ പഴയ കാലത്തേക്ക് പാഞ്ഞു.... സമാജത്തിന്‍റെ അംഗത്വ പ്രവര്‍ത്തനങ്ങളുമായി ആളുകളെ സമീപിച്ചിരുന്ന കാലം, മധ്യ വയസ്സിന്‍റെ പക്വതയോടെ ഞങ്ങളെ ചെറുപ്പക്കാരെ നയിച്ചിരുന്ന എന്നാല്‍ അകാരണത്താല്‍ പെട്ടെന്ന് അകന്നു മാറി അപ്രത്യക്ഷമായ ചേട്ടന്‍റെ അടുത്ത ബന്ധു.... ചേട്ടനെക്കുറിച്ച് ചോദിക്കുമ്പോള്‍ മന്ദഹസിച്ചു കൊണ്ട് പകുതി കളിയാക്കി നേതാവ് ആളുകളെ പറ്റിച്ചു നാട്ടിലെത്തി എന്ന് മാത്രം മറുപടി നല്‍കി ഞങ്ങളെ കളിയാക്കിയ, എത്ര നിര്‍ബന്ധിച്ചിട്ടും അംഗത്വം പുതുക്കുന്നില്ല അതിന്‍റെ ആവശ്യമില്ല എന്ന് പറഞ്ഞു കലഹിച്ച ഈ മുഖം എങ്ങിനെ മറക്കാന്‍ ....



കുറെ വര്‍ഷമായല്ലോ കണ്ടിട്ട് ... ഞാന്‍ കരുതി നാട്ടില്‍ പോയിക്കാണuമെന്നു ... വാ ഇരിക്ക് ....... കടക്കകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു.



പോയില്ല .... ആ ... പോകുവാന്‍ സാധിച്ചില്ല ... ഒരു ദീര്‍ഘ നിശ്വാസത്തോടെ മറുപടി വന്നു ..



ചായ പറയട്ടെ ......



ആ പറഞ്ഞോ .. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ... കേള്‍ക്കുവാന്‍ സമയമു ണ്ടാവുമല്ലോ.... രാവിലെ തിരക്ക് കുറവായിരിക്കും എന്നറിയാം ... അതാണ് രാവിലെ തന്നെ വന്നു ബുദ്ധിമുട്ടിച്ചത്... അത്യാവശ്യമാണ്, വേറെ വഴിയില്ല ... വയ്യ എന്ന് പറയരുത്.. എനിക്ക് വേറെ ആരെയും സമീപിക്കുവാന്‍ വയ്യ... നിന്‍റെ അടുത്ത്‌ വന്നാല്‍ കാര്യം നടക്കും എന്ന വിശ്വാസമുണ്ട്.... ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി ചുറ്റും നോക്കി.



ആ മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നത് എനിക്ക് മനസ്സിലായി... ആകെ ഉലച്ച് പെയ്തൊഴിയാന്‍ കാത്തു നില്‍ക്കുന്ന കാര്‍മേഘം ആ കണ്ണുകളില്‍ ഞാന്‍ ക ണ്ടു.



എന്തായാലും ഇരിക്ക് ഞാന്‍ ചായ മേടിക്കാം .... ദാ വരുന്നു ...



അടുത്തുള്ള കടയിലേക്ക് നടക്കുമ്പോള്‍ മനസ്സിന്‍റെ താളുകള്‍ മറിക്കുക ആയിരുന്നു... അന്നത്തെ കലഹത്തിന് ശേഷം ജോലി ചെയ്യുന്ന സ്ഥാപന മുതലാളിയില്‍ നിന്നും ശമ്പളം ലഭിക്കാതെയും ശാരീരിക പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ജോലിയില്‍ നിന്നും ചാടി അടുത്ത് വന്നപ്പോള്‍ പറഞ്ഞതോര്‍മ്മയുണ്ട്.



ഹുറൂബാക്കി ആ ദുഷ്ടന്‍..... എന്തായാലും വേണ്ടില്ല.....എങ്ങിനെയും പിടിച്ചു നില്‍ക്കണം ... ഏക മകള്‍ എന്‍ജീനീയറിങ്ങിനു പഠിക്കുകയാണ് ... അതിനു ശേഷം വിവാഹം .... അത് വരെ ....അത് കഴിഞ്ഞാല്‍ കുഴപ്പമില്ല ... പിന്നെ എങ്ങിനെയും നാട്ടില്‍ പോയി ജീവിക്കാം......



മോളുടെ ഓരോ വിശേഷങ്ങളും ഇടക്കിടക്ക് വന്നു പറയുമായിരുന്നു.... പ്രതീക്ഷകളും നിശ്ചയ ദാര്‍DYവും കൊണ്ട് തിളങ്ങുന്ന ആ കണ്ണുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.... ആഹാരം ഉള്‍പ്പടെയുള്ള സ്വന്തം ചിലവുകള്‍ വെട്ടിക്കുറച്ചു കൊണ്ട് ലക്ഷ്യത്തിനു വേണ്ടിയുള്ള പോരാട്ടം സുഹൃത് സദസ്സുകളില്‍ ചര്‍ച്ച ആയിരുന്നു. സ്വയം മെഴുകുതിരിയെപ്പോലെ ഉരുകിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചമാവുന്നു എന്ന് പ്രവാസികളെ പറ്റി പറയുന്നതിന് ഉദാഹരണമായി ചര്‍ച്ചകളില്‍ ഇപ്പോഴും സജീവമായിരുന്ന പേര് .... അതിപ്പോള്‍ തന്നെ കുഴക്കുന്നു.



സര്‍ക്കാരിന്‍റെ പൊതു മാപ്പിലൂടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരിക്കല്‍ ആവശ്യ പെട്ടതിനു ശേഷം ബന്ധം വിഛെദിച്ചു ഒരു അവധൂതനെപ്പോലെ, വായുവില്‍ അലിഞ്ഞു ചേര്‍ന്ന് എവിടേക്കോ അപ്രത്യക്ഷനായി...



പുതു മഴയില്‍ മുളച്ച കൂണ്‍ പോലെ പൊങ്ങി വന്നിരിക്കുന്നു.... അല്ലേ .... ഒരു തമാശ പറഞ്ഞു കൊണ്ട് ചായ നീട്ടി.. ഏതോ ചിന്തകളില്‍ ഉഴറിയിരുന്ന ആള്‍ ഒരു വിളറിയ വേദനിക്കുന്ന മന്ദഹാസത്തോടെ കൈനീട്ടി .



ഇടയില്‍ ഉരുണ്ടുകൂടിയ മൌനത്തെ ഒഴിവാക്കാന്‍ ഇരുള്‍ മൂടി വരുന്ന ആകാശത്തെ നോക്കി ഞാന്‍ പറഞ്ഞു

.. ദാ .. സൗദികളുടെ സ്വഭാവം പോലെ തന്നെ കാലാവസ്ഥയും മാറി ... മഴക്കുള്ള തുടക്കമാണെന്ന് തോന്നുന്നു ..... മോളുടെ വിശേഷം എന്താ ....

ചെറിയ ചാറ്റല്‍ മഴയിലേക്ക് നോക്കി ഒരു ദീര്‍ഘ നിശ്വാസത്തോടെ ഒഴിഞ്ഞ ചായ കപ്പ്‌ താഴെ വച്ച് എന്നെ നോക്കി ...

പതുക്കെ പറഞ്ഞു തുടങ്ങി ...

എനിക്ക് നാട്ടില്‍ പോകണം .... അത്യാവശ്യമാണ് .... സംഘടനയുടെ ആളല്ലേ.... നീ വിചാരിച്ചാല്‍ എംബസിയില്‍ നിന്നും ഒരു എക്സിറ്റ്‌ സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടും ... പെട്ടെന്ന് വേണം ... ഒഴിവാക്കരുത്‌ ... വേറെ നിവൃത്തിയില്ല.... ടിക്കറ്റ്‌ എടുത്തോളാം ... അതിനുള്ള കാശ് കൂടെ താമസിക്കുന്നവര്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട....

എന്താ ഇത്ര അത്യാവശ്യം .... എംബസിയുടെ കാര്യം അറിയാമല്ലോ ... അത്ര എളുപ്പമല്ല .... എന്തായാലും നമുക്ക് ശ്രമിക്കാം .... കുറച്ചു സമയം എടുക്കും .. സംഘടനകളുടെ അവശ്യം മനസ്സിലായോ ....

പഴയ കാര്യങ്ങള്‍ മനസ്സില്‍ വെച്ച് ഞാന്‍ പറഞ്ഞു..

......പഴയതൊന്നും നീ മറന്നിട്ടില്ല അല്ലെ ....

വാക്കുകള്‍ മുറിഞ്ഞു പോകുന്നോ എന്നെനിക്ക് തോന്നി. ശ്ശേ... വേണ്ടായിരുന്നു .. ആളുകളെ കുത്തി നോവിക്കുന്ന സ്വഭാവം ഇതുവരെ മാറ്റാന്‍ പറ്റിയില്ല.. ആ മുഖത്തു പുറത്തുള്ളതില്‍ കൂടുതല്‍ മഴക്കാര്‍ പെയ്തൊഴിയാന്‍ കാത്തു നില്‍ക്കുന്നു.

...മോളുടെ കാര്യം പറഞ്ഞില്ല, കല്യാണമൊക്കെ കഴിഞ്ഞില്ലേ? ജോലി കിട്ടിയോ? ... വിഷയം മാറ്റാന്‍ ഞാന്‍ ചോദിച്ചു .

പുറത്തു മഴയുടെ ശക്തി കൂടി തുടങ്ങി ..



...അവള്‍ക്കു വേണ്ടിയാണ് നാട്ടില്‍ പോകുന്നത്... അവളുടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല.... നിനക്കറിയാമല്ലോ .... കല്യാണത്തിനുള്ള ചെലവ് കാരണം അതിനു പങ്കെടുക്കാന്‍ ......... എല്ലാം കൂടി നടന്നില്ല ... ഇവിടെയിരുന്നു എല്ലാം മനസ്സില്‍ .......



ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു



എത്രയോ വര്‍ഷങ്ങള്‍.... മോള്‍ വളരുന്നത് പോലും അറിഞ്ഞത് .... വല്ലപ്പോഴും കിട്ടുന്ന എഴുത്തുകളില്‍..ഫോട്ടോകളില്‍...വല്ലപ്പോഴുമുള്ള ടെലിഫോണ്‍ ശബ്ദങ്ങളില്‍...എന്തൊക്കെ മോഹങ്ങള്‍...കരയാത്ത ദിവസങ്ങളില്ലായിരുന്നു...എല്ലാം മനസ്സിലൊതുക്കി നേരിട്ടു....... എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... എന്‍ജീനീയറിങ്ങിനു ശേഷം മകള്‍ക്കൊരു ജോലി .... വിവാഹം ...... എന്‍റെ കഷ്ടപാടുകളുടെ അവസാനം .... പ്രവാസി ജീവിതത്തില്‍ അനുഭവിച്ചതിന്‍റെ ഗുണഫലങ്ങള്‍ എന്‍റെ മോള്‍ക്ക്‌ ....... പ്രവാസത്തിന്‍റെ ചൂടും ചൂരുമുള്ള സ്വപ്‌നങ്ങള്‍ .......



വികാര തള്ളിച്ചയില്‍ ഒരു നിമിഷം ആ ശബ്ദം ഇടറിയോ........... ഒരു ചെറിയ നിശബ്ദത ............



വയ്യടാ .... ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ ...... നിനക്കറിയോ ഞാന്‍ ഇപ്പോള്‍ പോകാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് ..... എനിക്കെന്‍റെ മോളെ കാണണം ... ഇനിയും വൈകിയാല്‍ ഒരു പക്ഷെ .... അച്ഛന് കാണണമെങ്കില്‍ പെട്ടെന്ന് വരുവാന്‍ മോള്‍ പറഞ്ഞു ..അടുത്ത മാസം അവളുടെ വിവാഹ മോചനമാണ് .... കല്യാണത്തിന് പോകാന്‍ സാധിച്ചില്ല ... വിവാഹ മോചനത്തിന് എന്തായാലും പോകണം... ഇതിനെങ്കിലും ചെന്നില്ലെങ്കില്‍ പിന്നെ എനിക്കെന്‍റെ മോളെ നഷ്ടപ്പെടും....

ഒരു ഞെട്ടല്‍ എന്‍റെ മനസ്സിലൂടെ പാഞ്ഞു പോയി ... ഒരു പിതാവിന്‍റെ വേവുന്ന ഹ്രദയം.... പുറത്തു മഴ തകര്‍ത്തു പെയ്യുന്നു .... പ്രകൃതി ആ ചൂടു ശമിപ്പിക്കുവാന്‍ കൂടെ കരയുകയാണോ ... ചാറ്റല്‍ മഴയില്‍ തുടങ്ങി ഉറഞ്ഞു തുള്ളുന്ന പെരുമഴ പെയ്തിട്ടും ആ കണ്ണുകളില്‍ കണ്ണ് നീര്‍ ഒരു തുള്ളി പോലും കണ്ടില്ല... ഒരു പക്ഷെ കണ്ണ് നീര്‍ വറ്റിയാതാവാം... നനവ്‌ വന്ന എന്‍റെ മുഖം കാണാതിരിക്കുവാന്‍ ഞാന്‍ പതുക്കെ തിരിഞ്ഞു .....



പുകയുന്ന അഗ്നിപര്‍വം മനസ്സില്‍ കൊണ്ട് നടക്കുന്ന ആ മനുഷ്യനോട് എന്ത് പറയണം എങ്ങിനെ സമാധാനിപ്പിക്കും എന്നാലോചിച്ചു നിന്ന എന്നോടു ഇടറിയ ശബ്ദത്തില്‍ നീ എന്നെ വിളിക്ക് എന്ന് പറഞ്ഞു പതുക്കെ വേച്ചു പോകുന്ന കാലുകളോടെ മഴയത്തേക്ക് ഇറങ്ങി ….



ഹുറൂബ് ……സ്പോണ്‍സ‍റുടെ അടുത്തു നിന്ന് ഒളിച്ചോടിയ തൊഴിലാളി ...‍





Get your own free hit counter from NETBB.info!